Movies
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ടോക്സിക്കിന്റെ റിലീസ് വീണ്ടും നീട്ടിവച്ചു. വിദേശത്തു വച്ച് നടന്ന സിനിമാകോൺ ഇവന്റിൽ സിനിമയ്ക്കു ലഭിച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം.
രാജ്യാന്തരതലത്തിലുള്ള സ്റ്റുഡിയോസ് സിനിമയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ഇതിലൂടെ വിപുലമായ ഗ്ലോബൽ റിലീസിന് അവസരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് റിലീസ് നീട്ടുന്നത്.
‘‘ചില സിനിമകൾ നമ്മൾ ഉണ്ടാക്കുന്നു, മറ്റു ചിലത് നമ്മൾ സിനിമയെ സ്നേഹിക്കാൻ കാരണമായ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ‘ടോക്സിക്’ അങ്ങനെയൊരു യാത്രയായിരുന്നു. CinemaCon-ൽ ഞങ്ങളുടെ സിനിമ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള വലിയ പ്രതികരണം കാണുകയും ചെയ്തപ്പോൾ ഞങ്ങൾ എപ്പോഴും വിശ്വസിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി വ്യക്തമായി - ഈ സിനിമയ്ക്ക് ലോകമെമ്പാടും അതിന്റെ പൂർണമായ സാധ്യതകളിൽ എത്താൻ അർഹതയുണ്ട്.
ടോക്സിക്’ പൂർത്തിയായി, നിലവിൽ ഞങ്ങൾ ആഗോളതലത്തിലുള്ള വിതരണവും പങ്കാളിത്തവും ക്രമീകരിച്ചു വരികയാണ്. ഇതിന്റെ വെളിച്ചത്തിൽ, റിലീസ് സമയം പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
മുൻപ് അറിയിച്ചതുപോലെ ജൂൺ നാലിന് റിലീസ് ചെയ്യില്ലെങ്കിലും, പിന്നീട് ലോകമെമ്പാടും ഒരുമിച്ച് ഒരേസമയം റിലീസ് ചെയ്യും. ഉടൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ഇന്ത്യൻ സിനിമ അലോകവേദിയിൽ വലിയ വാഗ്ദാനങ്ങളോടെ ചുവടുറപ്പിക്കുമ്പോൾ, ഓരോരുത്തർക്കും നിലവാരം ഉയർത്താനുള്ള ഉത്തരവാദിത്തമുണ്ട്.
ഒരു നടൻ-നിർമാതാവ് എന്ന നിലയിൽ, ഇന്ത്യൻ സിനിമാ വ്യവസായത്തിനും നമ്മൾ എല്ലാവർക്കും വേണ്ടി എന്റെ ഭാഗം ചെയ്യാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു, നമ്മുടെ സിനിമ ലോകത്തിൽ അതിന്റെ ഉദ്ദേശിച്ച ഫലത്തോടെ എത്തുന്നു എന്ന് ഉറപ്പുവരുത്താൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം.
ഓരോ ചുവടിലും ഓരോ മാറ്റത്തിലും, നിങ്ങളുടെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു, ഞാൻ അതിനെ വലിയ കൃതജ്ഞതയോടെ കൊണ്ടുപോകുന്നു. ചില കഥകൾക്ക് ക്ഷമ ആവശ്യമാണ്.
ചില യാത്രകൾക്ക് അത് നിർബന്ധമാണ്. ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഒരു സിനിമ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു - ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി നിലനിൽക്കുന്ന ഒരു സിനിമ.’’–യഷിന്റെ വാക്കുകൾ.
Movies
പശ്ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യാഷ് -ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിന്റെ റിലീസ് മാറ്റിവച്ചു. സിനിമയുടെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു.
നേരത്തെ 2026 മാർച്ച് 19-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഇനി ചിത്രം 2026 ജൂൺ നാലിന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്.
മാർച്ച് എട്ടിന് ബംഗളൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19-ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ നിർമാതാക്കൾ നേരത്തെ തയാറാക്കിയിരുന്നു.
‘ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലിഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമിച്ചിരിക്കുന്നത്.
വർഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം, മാർച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താൽപ്പര്യം മുൻനിർത്തി, റിലീസ് മാറ്റിവയ്ക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു.
നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് ഇനി 2026 ജൂൺ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും.’’ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലിഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്.
കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ടോക്സിക് 2026 ജൂൺ നാലിന് റിലീസ് ചെയ്യും.
Movies
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
റായ എന്നാണ് യാഷിന്റെ കഥാപാത്രത്തിന്റെ പേര്. ആദ്യമിറങ്ങിയ ടീസറിൽ സെക്സ് രംഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ മുഴുവൻ വയലൻസാണ്.
Movies
ഇരട്ടത്താപ്പിന്റെ രാഞ്ജിമാരാണ് റിമ കല്ലിങ്കലും ഗീതു മോഹൻദാസുമെന്ന് വിജയ് ബാബു. ടീസറിലെ സെക്സ് രംഗങ്ങളെ ന്യായികരിച്ചെത്തിയ റിമയ്ക്കും ഗീതുവിനുമെതിരെയാണ് രൂക്ഷഭാഷയിലുള്ള വിജയ് ബാബുവിന്റെ വിമർശനം.
സ്വന്തം സൗകര്യത്തിനനുസരിച്ച് നിലപാടുകൾ മാറ്റുന്നവരാണ് ഇവരെന്നും ഓരോരുത്തരുടെയും കഥകൾ പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ആരോപിച്ചു.
‘‘ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെക്കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കഥകൾ പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ല. അവരുടെ വാക്കിനും പ്രവൃത്തിക്കും മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ ആനുകൂല്യങ്ങളും എപ്പോഴും കൈപ്പറ്റിക്കൊണ്ട്, സ്വന്തം സൗകര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും വളച്ചൊടിക്കുന്നവരാണവർ.
ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം സ്ത്രീരത്നങ്ങൾ എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനായി കൂട്ടമായി ആക്രമിച്ച ശേഷം അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞു പോകും.
എന്നാൽ സ്വന്തം കാര്യത്തിൽ ഇവർക്ക് യാതൊരു നിലപാടുകളോ ചിട്ടവട്ടങ്ങളോ ഇല്ല. ആടിയും ഉലഞ്ഞും നിൽക്കുന്ന ഇവർക്ക് കൃത്യമായ നയങ്ങളോ നിയമങ്ങളോ ഒന്നുമില്ല. അതാത് സമയത്തെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വെറുമൊരു വാട്സാപ്പ് ഗ്രൂപ്പ് മാത്രമാണത്.’’
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ടീസറിലെ രംഗങ്ങളാണ് വിമർശനങ്ങൾക്കിട വച്ചത്. മുൻപ് കസബ എന്ന ചിത്രത്തെ എതിർത്ത ഗീതു, സ്വന്തം സിനിമയിൽ പൗരുഷാഘോഷങ്ങൾക്കും മാസ് എലമെന്റുകൾക്കും വേണ്ടി സ്ത്രീശരീരത്തെ ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം.
കസബയിലെ സ്ത്രീവിരുദ്ധതയെ പാർവതി തിരുവോത്ത് വിമർശിച്ചപ്പോൾ സേ ഇറ്റ്, സേ ഇറ്റ് എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ച ഗീതു മോഹൻദാസ്, ഇപ്പോൾ യഷിനെപ്പോലൊരു സൂപ്പർ താരത്തിന് ഹൈപ്പ് നൽകാൻ സമാനമായ രീതിയിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് കസബ സംവിധായകൻ നിതിൻ രൺജി പണിക്കരും ചൂണ്ടിക്കാട്ടിയിരുന്നു.
Movies
ടോക്സിക് ടീസറിൽ യാഷിന്റെ കാറിൽ നിന്നും കിടിലൻ ഇൻട്രോയോടെ ഇറങ്ങിയ ആളെ പിടികിട്ടിയോ?. യാഷിന്റെ മാസ് ഇൻട്രോക്ക് വഴിയൊരുക്കാൻ വന്ന നീണ്ടമുടിയുള്ള മെലിഞ്ഞ മനുഷ്യൻ മറ്റാരുമല്ല. നമ്മുടെ മലയാളത്തിൽ നിന്നുമുള്ള സുർജിത്ത് ഗോപിനാഥാണ് ആ നടൻ.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ആളാണ് സുർജിത്ത്. തൃശൂർ സ്വദേശിയാണ്. ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന ചിത്രത്തിലൂടെയാണ് സുർജിത്ത് സിനിമയിലെത്തുന്നത്.
Movies
ഗീതു മോഹൻദാസിന്റെ ടോക്സിക് ടീസർ ചർച്ചകളിൽ നിറഞ്ഞതിന് പിന്നാലെ കസബ സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധേയമാകുന്നു. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ കടമെടുത്താണ് കസബ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ഗീതുവിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.
മലയാളത്തിൽ ഒരു മാസ് പടം വന്നപ്പോൾ അതിനെ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവർ, കന്നഡയിൽ പോയി കോടികൾ മുടക്കി അതെല്ലാം ഉൾപ്പെടുത്തി സിനിമ എടുക്കുന്നതിലെ ഇരട്ടത്താപ്പാണ് നിഥിൻ പറയുന്നത്.
‘നിങ്ങൾ കെട്ടിയാടുന്ന ആ 'കപട വ്യക്തിത്വം' നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാലെ ജീർണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും... ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും. അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.’’–സക്കറിയയുടെ ഈ വരികളാണ് നിഥിൻ പങ്കുവച്ചത്.
2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വെച്ച് രൂക്ഷമായി വിമർശിച്ചിരുന്നു.
അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ സേ ഇറ്റ്, സേ ഇറ്റ് എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗീതു മോഹൻദാസ് മുൻപന്തിയിലുണ്ടായിരുന്നു. ഈ സംഭവം അന്ന് നിഥിനും സിനിമയ്ക്കും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു.
Movies
ടോക്സിക് ചിത്രത്തിന്റെ ടീസറിന് നേരെയുള്ള വിമർശനങ്ങളിൽ സംവിധായിക ഗീതു മോഹൻദാസിന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ അശ്ലീലം എന്ന് വിളിച്ചു അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ആ കുറിപ്പ്. ദിവ്യപ്രഭയും ഇതേ കുറിപ്പ് പങ്കുവച്ച് ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജിൽ വന്ന കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഡീയസ് ഈറെ പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ എത്രത്തോളം ആളുകളാണ് അതുല്യ ചന്ദ്രയെ വെറുമൊരു സെഡക്റ്റീവ് ഒബ്ജക്റ്റ് (ഭോഗവസ്തു) ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു.
ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവത്തെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.
ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ഡീയസ് ഈറെയായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പോലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു; ലൈംഗികതയുടെ മുഴുവൻ സദാചാര ഭാരവും സ്ത്രീ മാത്രം ചുമക്കേണ്ട ഒന്നാണോ?
ലൈംഗികതയെക്കുറിച്ചാണെങ്കിൽ ഉടനെ നമ്മുടെ നോട്ടം സ്ത്രീയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇപ്പോൾ, ടോക്സിക് ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് വൃത്തികെട്ടത് വആകുന്നത്?
ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ വസ്തുവൽക്കരണമായും, അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങൾ. കൂടുതൽ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാർമ്മികമായും സ്ത്രീകൾക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു.
ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ഭാവങ്ങളോ ശബ്ദങ്ങളോ ഒക്കെ ഇവിടെ ഇപ്പോഴും അഴുക്കായാണ് കാണപ്പെടുന്നത്. നമുക്ക് മായാനദിയും '4 ഇയേഴ്സും' ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല.
കാഴ്ചക്കാരന് കുറഞ്ഞത് ഒരു പക്വതയെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെകുറിച്ചാണെന്ന് തിരിച്ചറിയും.
അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും ആ നോട്ടത്തിലെ വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാരണ ചെയ്യുകയും യഥാർത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.’’
ആഷിക്ക് അബു, ദിവ്യപ്രഭ, അതുല്യ ചന്ദ്ര തുടങ്ങി നിരവധി പേർ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്.
Movies
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്ക് ടീസർ സോഷ്യൽ മീഡിയ ഒന്നാകെ കത്തിപ്പടരുകയാണ്. ചിത്രത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചൂടൻ രംഗങ്ങൾ തന്നെയാണ് അതിൽ പ്രധാനം. ഇപ്പോഴിതാ ആ ഹോട്ട് സീനിൽ അഭിനയിച്ചിരിക്കുന്ന നടി ആരാണെന്ന് അറിയാനുള്ള കൗതുകത്തിലാണ് നവമാധ്യമലോകം.
യുക്രെയിൻ-അമേരിക്കൻ നടിയായ നതാലി ബേൺ ആണ് യഷിനൊപ്പമുള്ള ഈ നടി. മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്.
Movies
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ടോക്സിക്കിന്റെ ടീസറിനെ സംബന്ധിച്ച് വിവാദങ്ങൾ കത്തിപ്പടരുകയാണ്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ കസബ ഒരു വരവുകൂടി വരുമെന്ന് നിർമാതാവ് ജോബി ജോർജ് കുറിച്ചത്.
ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ടീസർ പുറത്ത് വന്ന് വിവാദമായതിന് പിന്നാലെയാണ് രാജൻ സക്കറിയുടെ രണ്ടാം വരവിനെ പറ്റി നിർമാതാവ് പ്രഖ്യാപിച്ചത്.
എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണോ അതോ ചിത്രം റീറിലീസായി വീണ്ടും തിയറ്ററുകളിലെത്തും എന്നാണോ ജോബി ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ ഗീതു മോഹൻദാസും പാർവതിയുമുൾപ്പെടെയുള്ളവർ വലിയ വിമർശനങ്ങളുമായെത്തിയിരുന്നു.
കസബയിൽ സ്ത്രീവിരുദ്ധത ആരോപിച്ച ഗീതു സംവിധാനം ചെയ്യുന്ന ടോക്സികിന്റെ ടീസറിൽ കടുത്ത സ്ത്രീവിരുദ്ധതയുണ്ട് എന്നാരോപിച്ച് വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
Movies
സിനിമ എന്നത് പലപ്പോഴും പുരുഷാധിപത്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന ഇടമായിരുന്നു, പ്രത്യേകിച്ച് മാസ് ആക്ഷന് സിനിമകള്. എന്നാല് ആ കീഴ്വഴക്കങ്ങളെയും സങ്കല്പ്പങ്ങളെയും ഒറ്റ ടീസര് കൊണ്ട് തകര്ത്തെറിഞ്ഞിരിക്കുകയാണ് ഗീതു മോഹന്ദാസ്.
കന്നഡ താരം യാഷിന്റെ നാല്പതാം ജന്മദിനത്തില് പുറത്തുവന്ന ടോക്സിക്: എ ഫെയറി ടെയില് ഫോര് ഗ്രൗണ് അപ്സ്- എന്ന ചിത്രത്തിന്റെ ടീസര് സിനിമയുടെ പ്രൊമോ എന്നതിലുപരി ഒരു സംവിധായികയുടെ കരുത്തിന്റെ പ്രഖ്യാപനമായി മാറുകയാണ്.
വര്മയെ അമ്പരപ്പിച്ച ഗീതു
ഇന്ത്യന് സിനിമയിലെ പ്രഗത്ഭരായ പുരുഷ സംവിധായകര് പോലും പരീക്ഷിക്കാന് മടിക്കുന്ന ദൃശ്യഭാഷയാണ് ഗീതു ടോക്സിക്കില് പരീക്ഷിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകന് റാം ഗോപാല് വര്മയുടെ പ്രതികരണം തന്നെ ഇതിന് വലിയ തെളിവ്.
ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകൻ പോലും കാണിച്ചിട്ടില്ലെന്നും ഈ സിനിമ ഗീതു മോഹൻദാസ് സംവിധാനം ചെയ്തതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാം ഗോപാൽ വർമ കുറിച്ചു.
രാം ഗോപാൽ വർമയുടെ വാക്കുകൾ
‘‘യാഷ് അഭിനയിക്കുന്ന ടോക്സിക്കിന്റെ ട്രെയിലർ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകം.
ഈ സ്ത്രീയുടെ അത്രയും ചങ്കൂറ്റമുള്ള ഒരു പുരുഷ സംവിധായകൻ പോലുമില്ല. ഇത് ചിത്രീകരിച്ചത് അവരാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.’’ രാം ഗോപാൽ വർമയുടെ പ്രശംസ ഇങ്ങനെ.
Movies
വിവാദങ്ങൾ വിട്ടൊഴിയാതെ ഗീതു മോഹൻദാസ് ചിത്രം ടോക്സിക്. നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്, സൂപ്പർതാരങ്ങളായ യാഷിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രം, ടോക്സിക്: എ ഫെയറി ടെയില് ഫോര് ഗ്രോണ്-അപ്സ് ആണ് തുടക്കംമുതൽ വിവാദങ്ങളിൽ അകപ്പെടുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ചോർന്നതാണു പുതിയ സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി. ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ ലുക്കും കണ്ട പ്രേക്ഷകർ അന്താരാഷ്ട്ര യുകെ സീരീസ് ആയ "പീക്കി ബ്ലൈൻഡേഴ്സു'മായി ചിത്രത്തിനു സാമ്യമുണ്ടെന്നാണു പറയുന്നത്.
അനുരാഗ് കശ്യപിന്റെ ബോംബെ വെൽവെറ്റ് എന്ന ചിത്രവുമായും ചിലർ താരതമ്യം ചെയ്യുന്നു. അതേസമയം, ബോംബെ വെൽവെറ്റിനു സംഭവിച്ച പരാജയം ടോക്സിക്കിനും സംഭവിക്കുമോ എന്നാണ് ചിലർ ചോദിക്കുന്നത്.
നയന്സിന്റെയും യാഷിന്റെയും ബിടിഎസ് ചിത്രീകരണ വീഡിയോ ആണ് ചോർന്നത്. വീഡിയോയില്, നയന്താര ഒരു പുരുഷന്റെ അടുത്തേക്കു നടന്നുവന്നു ദൃഢമായി ഹസ്തദാനം ചെയ്യുന്നു.
യാഷ് അയാളെ പിന്തുടരുകയും അതുപോലെ ചെയ്യുകയും ചെയ്യുന്നു. കറുത്ത ഗൗണില് നയന്താര അതിമനോഹരിയായി കാണപ്പെടുന്നു. അതേസമയം, യാഷ് വെളുത്ത വസ്ത്രത്തിലാണ്. പശ്ചാത്തലത്തില് എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ സാന്നിധ്യവുമുണ്ട്.
ടോക്സിക്കിന്റെ അണിയറക്കാർ ഡിസംബര് മുതല് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള് പുറത്തിറക്കുകയാണ്. രക്തം പുരണ്ട ബാത്ത് ടബ്ബില് പരുക്കന് ലുക്കില് നില്ക്കുന്ന യാഷ്, ആരാധകരില് ആവേശം നിറച്ചു.
ഗംഗ എന്ന കഥാപാത്രമായുള്ള അവതാരത്തില് നയന്താര; ഒരു വലിയ കാസിനോയുടെ പ്രവേശനകവാടത്തില് തോക്കുമായി നില്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര് ആരാധകരില് ഏറ്റെടുത്തു. ഇതുവരെ കാണാത്ത ലുക്കിലാണ് നയന്താര ചിത്രത്തില്.
കെജിഎഫ്: 2ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ടോക്സിക്. വളരെക്കാലമായി വാര്ത്തകളില് നിറഞ്ഞുനില്ക്കുന്ന ഈ പ്രോജക്ട് കന്നഡയിലും ഇംഗ്ലീഷിലും നിര്മിക്കുന്നു. മലയാളം ഉള്പ്പെടെയുള്ള ഭാഷകളില് ഡബ്ബ് ചെയ്ത പതിപ്പുകള് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര് പുറത്തുവിടുന്ന വിവരം.
Movies
കന്നഡയിലെ സൂപ്പർസ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന സിനിമയുടെ ഷൂട്ടിംഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി റിപ്പോർട്ട്.
യഷും ഗീതു മോഹൻദാസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഷൂട്ടിംഗ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്–കന്നഡ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല.
സംവിധായിക ഗീതു മോഹൻദാസ് ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളിൽ യഷ് പൂർണ്ണമായും തൃപ്തനല്ല എന്നാണ് പുറത്തുവരുന്ന വിവരം. കൂടുതൽ മാസ്, കമേഴ്സ്യൽ ഘടകങ്ങൾ ഉൾപ്പെടുത്തി ചിത്രം പുനർനിർമിക്കണമെന്ന് യഷ് അഭിപ്രായപ്പെട്ടു.
ഇതുസംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ചിത്രം അനിശ്ചിതമായി മാറ്റിവച്ചത്. 2026 മാർച്ച് മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. യഷും സംഘവും ഒരു വർഷം മുൻപാണ് റിലീസ് തീരുമാനിച്ചത്.
ടോക്സിക്കുമായി ബോക്സ് ഓഫിസ് ക്ലാഷുകൾ ഒഴിവാക്കാൻ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇതിനിടെയാണ് ടോക്സിക് നീട്ടിയതായി റിപ്പോർട്ടുകൾ വരുന്നത്.
പ്രഖ്യാപിച്ച തീയതിയിൽ ടോക്സിക് തിയറ്ററുകളിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ ആദിവി ശേഷ് തന്റെ ഡക്കോയിറ്റ് എന്ന സിനിമ ഈ സമയത്ത് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.